Thursday 25 July 2013

"ഒക്കെ ശരിയാവും"



വളരെ നാളുകള്ക്കുശേഷം വീട്ടില് തിരിച്ചത്തിയതിന്റെ അപരിചിതത്വം
പരിസരവുമായിഇണങ്ങിച്ചേരാന് കുറച്ചു സമയമെടുത്തു. മുറ്റത്തെ
കുറ്റിച്ചെടികള് ക്രോപ്പുചെയ്യാത്തതുകാരണം അരോചകമായിവളര്ന്നു
കിടക്കുന്നു.താന് വീട്ടില് നിന്ന് പോയതിനുശേഷം ആരും അത്ര
ശ്രദ്ധിക്കാറില്ലെന്നു തോന്നുന്നു. ചിരപരിചിതമായ സുഹ്രുത്തിനെ
കിട്ടിയപോലെ വളര്ത്തുനായ വാലാട്ടിക്കൊണ്ട് അടുത്തുവന്നു. മിണ്ടാപ്രാണിയായ
അവന് തന്നെ ഓര്ത്തിരുന്നതിനു കാരണം ഘ്രാണശക്തിയോ അതോ മുഖപരിചയമോ.
വാത്സല്യപൂര്വ്വം ഒന്നുതലോടിയപ്പോള് അതിന്റെ സ്നേഹപ്രകടനങ്ങള്ക്ക്
ശക്തികൂടിയപ്പോള് ശകാരിച്ചു പറഞ്ഞുവിടേണ്ടിവന്നു. മുറ്റുകൂടെ
കുറച്ചുനേരം. ആകാശത്ത് നീലിമ നീട്ടുന്ന കരമ്പടങ്ങളെപോലെ മേഘങ്ങള്
കാണപ്പെട്ടു.
  തിരിച്ചുപോകുന്നതിനുമുന്പ് കുറച്ചുകാര്യങ്ങള് ചെയ്ത് തീര്ക്കാനുണ്ട്.
തികച്ചും ഷെഡ്യൂള്ഡായ ദിവസങ്ങള്. ഒരു പക്ഷേ ജീവിതവും ഏറെക്കുറേ ഒരു
പട്ടികയിലൊതുങ്ങിനില്ക്കുന്ന ബന്ധനമാണല്ലോ.  ഊണ് ഉറക്കം പഠിത്തം അങ്ങനെ
ദിനചര്യകളെല്ലാം തന്നെ മനസ്സിനെ ക്രത്യമായ ചിട്ടകളില്
ബന്ധിച്ചിരിക്കുന്നു. ഇത്തരം ബന്ധനങ്ങളുടെ അസ്വാതന്ത്ര്യത്തിന്റെ
ചങ്ങലകളെ പൊട്ടിച്ചുകൊണ്ട് അനന്തതയിലേക്ക് പറന്നു നീങ്ങുന്ന ഒരു
സൈബീരിയന് പക്ഷിയായിത്തീരാന് കൊതിച്ചിരുന്നു. പക്ഷേ യാഥാര്ഥ്യങ്ങളുടെ
ബലിഷ്ടമായ കരങ്ങള് മനസ്സിനെ ആ പട്ടികയില് തളച്ചിട്ടു. മനസ്സ് സ്വയം
ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയായി മാറിയപോലെ. അശാന്തിയില് നീറിയ
മനസ്സില് വിരിഞ്ഞ വാക്കുകളെ കടലാസില് പകര്ത്താന് ശ്രമിച്ചു. വാക്കുകളെ
ശരിയായി പ്രതിഷ്ടിച്ചുവോ എന്നറിയില്ല. കാല്പനികതകളെ വാക്കുകളാല് മുന്നില്
കാണിച്ചുതന്നിരുന്ന പ്രതിഭാധനരായ പലരുടെയും സ്രഷ്ടിക്കുമുന്നില്
പലപ്പോഴും അതിശയം തൂകിനിന്നിരുന്നു. മനസ്സില് വിരിയുന്ന ഭാവനകള്
വിരല്തുമ്പിലെത്തിയപ്പോള് വിരലുകള് മരവിച്ചപോലെ മടിച്ചുനിന്നു. അമ്മയെ
കാണാതെയഴുതിയ ചില സ്രഷ്ടികള് ആരും കാണാതെ സൂക്ഷിച്ചുകൊണ്ടുവന്നിരുന്നു.
താന് എഴുതുന്നതിന് അമ്മയെതിര്ത്തിരുന്നത് എന്തിനായിരുന്നു. തന്റെ
മനസ്സിലെ വേദനകണ്ട് വിഷമിച്ചോ അതോ ജീവിതത്തിന്റെ പട്ടികയില് നിന്നകന്നു
പോകുന്നതുകൊണ്ടോ. അക്കങ്ങളെയും താന് ഒരുപാടു സ്നേഹിച്ചിരുന്നു.
അതുകൊണ്ടുതന്നെ അക്കങ്ങളുടെ ഉയരങ്ങളിലെത്തിപ്പിടികകാന് ആഗ്രഹിച്ചു.
അകൌണ്ടുകളുടെ ലോകത്ത് കുതിച്ചുപായുമ്പോള് പലപ്പോഴും ഇടറുമോയെന്നു
തോന്നിച്ചു. പക്ഷേ മനസ്സിന്റെ ദാഹത്തിന് അതിനേക്കാളേറേ
ശക്തിയുണ്ടായിരുന്നു.
  അമ്മയുടെ ശാസന കേട്ടപ്പോള്  ചിന്തകളുടെ ലോകവുമായുള്ള ബന്ധം മുറിഞ്ഞു.
തിരിച്ചുപോകാന് തയ്യാറാവേണ്ടിയിരിക്കുന്നു. ശകലം ഈര്ഷ്യ തോന്നിയെങ്കിലും
അമ്മയെ തനിച്ചാക്കി പോവേണ്ടുന്ന വിഷമം മനസ്സില് നിറഞ്ഞിരുന്നു. അനുജന്റെ
കുശ്രുതികളില്നിന്നകലത്തേക്ക് പോകുന്നതിന്റെ വിഷമം ഷെഡ്യൂളെന്ന
യാഥാര്ഥ്യം തീര്ക്കുന്ന തടവറയെനിക്കു സമ്മാനിക്കുന്നു. അച്ചന്റെ
മേശപ്പുറത്ത് അലസമായികിടക്കുന്ന തനിക്ക് ദഹിക്കാത്ത ചില തത്വചിന്താ
പുസ്തകങ്ങളിലൂടെ വ്രഥാ കണ്ണേടിച്ചു. ഒരു പക്ഷേ അച്ചനും
ആഗ്രഹിച്ചിരുന്നുവോ ജീവിതത്തിന്റെ ഷെഡ്യൂളില്നിന്നു പുറത്തുചാടാന്.
  അന്തരീക്ഷത്തില് തങ്ങിനിന്ന ചിക്കന്കറിയുടെ മണം
വിശപ്പിനെയോര്മ്മിപ്പിച്ചു. ചിക്കനികറിയുള്ളദിവസം വീട്ടിലേറ്റവും
സന്തേഷമുള്ള രണ്ടുപേര് ഞാനും വളര്ത്തുനായയുമാണെന്ന അനുജന്റെ
പരിഹാസംദേഷ്യം കുന്നുകൂട്ടിയിരുന്നു. സമയം നോക്കാനായി മൊബൈല്
കയ്യിലെടുത്തപ്പോള് യാന്ത്രികമായി നെറ്റിലേക്ക് നുഴ്ന്നിറങ്ങിപ്പോയി.
ഈയിടെയായി സോഷ്യല് മീഡിയകള്ക്ക് വളരെ അടിമപ്പെട്ടിട്ടുണ്ട്. ട്വിറ്ററില്
അപഡേറ്റ്സ് വായിക്കുമ്പോള് ഒരു ഡയറിക്കുറിപ്പ് വായിക്കുന്ന അനുഭൂതി
തോന്നിയിരുന്നു. ചില അപരിചിതരുടെ ഭ്രാന്തമായ ജല്പനങ്ങള്ക്ക് പലപ്പോഴും
മറുപടി കൊടുക്കില്ലായിരുന്നു. ഒരു ഭ്രാന്തമായ ആവേശത്തോടെ അതില്
മുന്നേറാന് ശ്രമിക്കുമ്പോള് പഴയ ചില ബന്ധങ്ങളെ കാത്തുസൂക്ഷിക്കാന്
ശ്രമിച്ചു. ഒരു പക്ഷേ ഇന്ന് ബന്ധങ്ങളെ നിലനിര്ത്താന് ഏറെക്കുറേ
സഹായിക്കുന്നത് സോഷ്യല് മീഡിയകളായി തോന്നുന്നു. മാത്രവുമല്ല
അക്കങ്ങളുടെയും അക്കൌണ്ടുകളുടെയും ലോകത്ത് ഒരു ശുദ്ധവായുവായും
തോന്നിച്ചു. ചാറ്റിങ്ങില് ചിലരുടെ യാത്രാമംഗളങ്ങള്. പലതവണ
കേട്ടതാണെങ്കിലും യാത്രപോകുന്നവന്റെ മനസ്സില് ഒരു
മന്ദഹാസമുണ്ടാക്കുന്നില്ലേ അത്.
  ഇറങ്ങാന് വേണ്ടി അച്ചന് വിളിച്ചു. വണ്ടിയില് സാധനങ്ങളെല്ലാം
എടുത്തുവെക്കുമ്പോള് അമ്മയുടെ വക നൂറു ഉപദേശങ്ങള്. അല്ലേലും പണ്ടേപഴിയാണ്
കെയര്ല്ലെസ്സ്നെസ്സാണെന്ന്.  ഒന്നും മിണ്ടാതെ വണ്ടിയില് കയറിയിരുന്നു.
അലസമായി മാവിന്കൊമ്പത്തേക്ക് നോക്കിയിരുന്നു. അവിടെ ഒരു കൊച്ചുപക്ഷി
പണ്ട് കൂടുകെട്ടിയിരുന്നു. ഇപ്പോള് മഴയത്തതെല്ലാം നശിച്ചിരിക്കുന്നു.
അവശിഷ്ടമായി കുറച്ചു ഉണങ്ങിയ പുല്ലുകള് തൂങ്ങിയിരിപ്പുണ്ട്.
വണ്ടിമുന്നോട്ട് നീങ്ങിത്തുടങ്ങി. അനുജന് പ്ലേ ചെയ്ത ഏതോ റോക്കിംഗ്
മ്യൂസിക് കാറില് മുഴങ്ങിയെങ്കിലും താന് വീണ്ടും ചിന്തകളുടെ ലോകത്തേക്കു
മടങ്ങി. പ്രക്രതിയും തന്റെ വിഷമത്തില് പങ്കുചേര്ന്നപോലെ പുറത്ത് മഴ
കനിയുവാന് തുടങ്ങി. മഴക്കാലം തുടങ്ങിക്കഴിഞ്ഞാല് പിന്നെ എല്ലാവര്ക്കും
മഴയെക്കുറിച്ചാണ് ചിന്ത. ചിലര്ക്ക് മഴപ്രണയം ചിലര്ക്ക് ദുഃഖം. ശരിക്കും
അരോചകമായിത്തുടങ്ങി അവയെനിക്ക്.
  ശീതീതരിച്ച കാറില്കയറിയപ്പോഴുണ്ടായ സുഗന്ധം ഇപ്പോഴറിയാനില്ല. സൈഡ്
ഗ്ലാസ്സില് തങ്ങിനില്ക്കുന്ന ബാഷ്പങ്ങള്ക്കിടയിലൂടെ പുറത്തു നീങ്ങുന്ന
ജീവിതങ്ങള് ഒരു ജലച്ചായ ചിത്രങ്ങളെപ്പോലെ തോന്നിച്ചു അനുജനെന്തൊക്കെയോ
കളിതമാശകള് പറയുന്നുണ്ടായിരുന്നു.
  വീടെന്ന സ്വാതന്ത്ര്യക്കൂടാരത്തുനിന്നും ഷെഡ്യൂളുകള് തീര്ക്കുന്ന
ബന്ധനത്തിലേക്ക് വീണ്ടുമൊരു യാത്ര.അക്കങ്ങളുടെ
ഉയരങ്ങളിലെത്തിപ്പിടിക്കാന്. ആ വഴിയില് വിഷമങ്ങളേരെ നേരിട്ടിരുന്നു.
ചെറിയ പിഴവുപോലും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ചാറ്റിങ്ങില്
ഒക്കെ ശരിയാവുമെന്ന് എല്ലായ്പ്പോഴും പറഞ്ഞിരുന്ന അപരിചിതന്ഖെ വാക്കുകള്
തമാശയായി തോന്നിയിരുന്നെങ്കിലും പലപ്പോഴും ആ വാക്കുകള് ആശ്വാസവചനമായി
നിലകൊണ്ടിരുന്നു.കാലത്തിന്റെ കുതിച്ചുപാച്ചിലില് കയറിവന്ന യുക്തിചിന്ത നഷ്ടപ്പെട്ടുപോയ
ചില വിശ്വാസങ്ങളെയും ധര്മ്മങ്ങളെയും കുറിച്ച് മാറിചിന്തിക്കാന്
പലപ്പോഴായി ശ്രമിച്ചു. ഭാവിയുടെ അനിശ്ചിതത്വത്തെ മുന്കൂട്ടിക്കാണാനുള്ള
വ്യഗ്രത പലപ്പോഴും ജ്യോതിഷങ്ങളില് തിരയാന് കോപ്പുകൂട്ടി.
ഭാഗ്യനിര്ഭാഗ്യങ്ങളെ പ്രോഫിറ്റ് ആന്റ് ലോസ്സ് അക്കൌണ്ടില് നിരത്താന്
ശ്രമിച്ചു. പക്ഷേ അക്കങ്ങള്വെറും ശൂന്യമായി നിലകൊണ്ടു.തന്റെ ചിന്തകളെ
ശരിയെന്നു വരുത്താന് ശ്രമിച്ചു. കൊച്ചുകുട്ടിയല്ലെന്നു വരുത്താനുതകുന്ന
ചിന്താശകലങ്ങള് സ്രഷ്ടിക്കുവാന് ശ്രമിച്ചു. ചിലരതിനെ ഒരു
സോളിറ്റ്യൂഡിന്റെ ഭ്രാന്തമായ ജലിപനങ്ങളായി വിധിയെഴുതി. ഒരു
സോളിറ്റ്യൂഡായി മനസ്സിനെ തളച്ചിടുമ്പോള് ഇടക്കിടെ റൂമിലെത്തുന്ന
വാര്ഡന്റെ പുഞ്ചിരിക്കുന്നമുഖം എന്നെ മാറ്റി ചിന്തിപ്പിച്ചിരുന്നു.
റെയില്വേ സ്റ്റേഷനിലെത്തിയപ്പോഴേക്കും മഴ നിന്നിരുന്നു. ട്രെയിന്
സമയത്തുതന്നെ എത്തിയിരിക്കുന്നു ആരൊക്കെയോ തയ്യാറാക്കിച ചിട്ടയായ
ഷെഡ്യൂളിലെന്നപോലെ. യാത്ര പറഞ്ഞ് ട്രെയിന് മെല്ലെ നീങ്ങിയപ്പോള്
മനസ്സൊന്നു വിങ്ങിയോ? താരതമ്യേന തിരക്കുകുറവായിരുന്നു. പെട്ടന്നു
മനസ്സില് തോന്നിയ അരക്ഷിതത്വബോധം തന്റെ സീറ്റില് പോയിരിക്കാന് മനസ്സുപറഞ്ഞു.
മുന്നിലിരിക്കുന്ന കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ കളിചിരികള്
മനസ്സിന്റെ ലാഘവത്വം വീണ്ടെടുക്കുവാന് സഹായിച്ചുവോ. കുട്ടികള്
ദൈവത്തിന്ഖെ പ്രതീകങ്ങളാണെന്നാരോ പറഞ്ഞുകേട്ടിരുന്നു. ഒരു
കൊച്ചുകുട്ടിയുടെ സാമീപ്യംതന്റെ അരക്ഷിതത്വബോധത്തെ ഇല്ലാതാക്കിയപ്പോള്
എന്റെയുള്ളിലെ യുക്തി ആ ദൈവത്തെ മനസ്സുതുറന്നാരാധിക്കാന് പ്രേരിപ്പിച്ചു.
ട്രെയിനിന്റെ താളാത്മതമായ ചാഞ്ചല്യം മനസ്സിനെ ഒരു കൊച്ചു മരണത്തിലേക്ക്
നയിക്കുന്നുവോ. നാളെ രാവിലെട്രെയിനിറങ്ങും. വീണ്ടും ആ പഴയ നാലു
ചുമരുകള്ക്കുള്ളിലേക്ക്. ചിട്ടയായി ഷെഡ്യൂളില് നീങ്ങുന്ന ഒരു
മെഷിനെറിയായി മാറും. ഷെഡ്യൂള്ഡായ ഒരു സോളിറ്റ്യൂഡിന്റെ ഭ്രാന്തമായ
ചിന്തകളില്നിന്ന് മോചനം നേടാന് മനസ്സ് അതിയായി വെമ്പുമ്പോള് ഒരു
നീലോല്പലത്തിന്റെ ലാളിത്യത്തോടെ ആ അപരിചിതന്റെ വാക്കുകള്
ദീര്ഘനിശ്വാസത്തോടെയോര്ത്തു...."ഒക്കെ  ശരിയാവും"

Thursday 4 July 2013

മെഴുകു തിരി

സ്വയം ഉരുകി തീർന്ന ഒരു മെഴുകു തിരി കഷ്ണം ,
അരൂപയായി വിരൂപ ആയി മരണത്തെ പ്രാപിച്ചു ,
എരിയുന്ന അഗ്നിയോട് ഒന്ന് പറയാമായിരുന്നു ,
"എന്നെ നശിപ്പിക്കരുതെന്നു ",
അരികിലൂടെ മൂളി പാട്ട് പാടി പോയ കാറ്റിനോട്, 
"സഹായഹസ്തം ആവശ്യപെടാമായിരുന്നു ",
കണ്ണുകൾ അടച്ച് സ്വയം പോരാടാമായിരുന്നു, 
സ്വയം ഉരുകി തീർന്ന നിന്നോടെനിക്ക് പുച്ഛമാണ് ,
വെളിച്ചും പകർന്നെന്നു പറഞ്ഞു  അഭിമാനിക്കുംബോൾ ഓർക്കുക, 
നിന്നെ ഓർത്തു കണ്ണുനീർ പൊഴിക്കാൻ ആരുമില്ല ,
സഹതപിക്കാൻ ആരുമില്ല ,
നിന്റെ ത്യാഗത്തെ പ്രസംസിക്കാനും ആരുമില്ല ,
നീയൊരു പാഴ് വസ്തു മാത്രം ആണ് ,
സ്ക്രാപ്പ് വാല്യൂ  പോലും ഇല്ലാത്ത ഒരു വേസ്റ്റ്  മെറ്റീരിയൽ !!!